Breaking

Wednesday, July 8, 2020

Travel Yatra യാത്ര പൂന്താനത്തെ വഴികളിലൂടെ Ponthanam illam.

Yatra പൂന്താനം ഇല്ലം Travel to Poonthanam illam

 കഴിഞ്ഞ യാത്രയിൽ നമ്മൾ മേല്പത്തൂരെ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.  അടുത്ത യാത്ര; മേല്പത്തൂരുമായി അഭേദ്യമായി ബന്ധപ്പെട്ടതും, മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഭക്തകവിയും ഭക്തിയുടെ മൂർത്തീരൂപമായ പൂന്താനത്തിന്റെ വഴികളിലൂടെ ആകാം എന്ന് പറഞ്ഞിരുന്നു. ഇന്നത്തെ നമ്മുടെ യാത്ര ആരംഭിക്കാം .

Travel Yatra യാത്ര പൂന്താനത്തെ വഴികളിലൂടെ  Ponthanam illam.

 ആദ്യം നമുക്ക് പൂന്താനം ഇല്ലത്തേക്ക് തന്നെ പോകാം.  600 വർഷങ്ങൾക്കു മുൻപ് ജ്ഞാനപ്പാന എന്ന പ്രസിദ്ധമായ കൃതി എഴുതിയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്യുന്നത് കീഴാറ്റൂർ എന്ന് പറയുന്ന സ്ഥലത്താണ്.

 പൂന്താനം ഇല്ലം എവിടെ ? Where is Poonthanam illom?

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂരിലേക്ക് പോകുന്ന വഴിയാണ് കീഴാറ്റൂർ.  അവിടെ പൂന്താനം ഇല്ലത്തിൽ ആണ് പൂന്താനം നമ്പൂതിരി ജനിച്ചത്. അദ്ദേഹത്തിന്റെ ഈ ഇല്ലം ഇന്ന് സംരക്ഷിക്കുന്നത് ഗുരുവായൂർ ദേവസ്വം ആണ്.

ഇവിടെ സന്ദർശകർക്ക് എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്ത് പ്രധാന റോഡിൽ നിന്ന് അകത്തേയ്ക്ക് ഇല്ലത്തിന്റെ പുറകുവശത്തു കൂടി വഴി ഒരുക്കിയിരിക്കുന്നു. റോഡിന് സമീപമുള്ള ഗേറ്റിനടുത്ത് വാഹനം പാർക്ക് ചെയ്ത ശേഷം കാൽനടയായി ഉള്ളിലേക്ക് പോകാം. ആദ്യം കാണുന്നത് ഒരു പടിപ്പുര യാണ് എന്നാൽ ഇന്ന് അത് ഉപയോഗിക്കുന്നില്ല. അതിനുള്ളിലേക്ക് കടന്നുചെന്ന് കഴിഞ്ഞാൽ  സാക്ഷാൽ പൂന്താനം നമ്പൂതിരി താമസിച്ചിരുന്ന ഇല്ലത്തിലേക്ക് പ്രവേശിക്കാം.  

 പൂന്താനത്തിന്റെ  ചരിത്രം. History of Poonthanam.

 1547  മലപ്പുറം ജില്ലയിലെ കീഴാറ്റൂരിൽ പൂന്താനം ഇല്ലത്താണ് അദ്ദേഹം ജനിച്ചത്. 1640 വരെയാണ് അദ്ദേഹം ജീവിച്ചിരുന്നത്.

പൂന്താനത്തിന്റെ  ശരിയായ പേര്  എന്താണെന്ന് ആർക്കും അറിയില്ല അതുകൊണ്ട് തന്നെ ഇല്ലത്തിന്റെ  പേരായ പൂന്താനം എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

 പൂന്താനത്തിന്റെ  പ്രധാന കൃതി ഏതാണ്? Famous works of Poonthanam

 മലയാളികൾക്ക് മുഴുവൻ അറിയാവുന്ന ജ്ഞാനപ്പാന എന്ന പ്രസിദ്ധമായ ഭക്തികാവ്യമാണ് പൂന്താനത്തിന്റെ ഏറ്റവും പ്രധാന കൃതി.

 ഇതുകൂടാതെ സന്താനഗോപാലപ്പാന എന്ന മറ്റൊരു കൃതിയും അദ്ദേഹം എഴുതിയിട്ടുണ്ട്.

 പൂന്താനം കൃതികളുടെ പ്രത്യേകത എന്താണ്? Importance of Poonthanam Songs.

 ഏകദേശം അറുന്നൂറോളം വർഷം പഴക്കമുള്ള കാലഘട്ടത്തിലാണ് അദ്ദേഹം കൃതികൾ എഴുതിയിരുന്നത്. ഏറ്റവും വലിയ ഒരു കൃഷ്ണ ഭക്തൻ ആയിരുന്നു പൂന്താനം നമ്പൂതിരി. അക്കാലത്ത് മലയാള ഭാഷയിൽ സംസ്കൃത പദങ്ങളുടെ പ്രയോഗം വളരെയേറെ കൂടുതലായിരുന്നു. അതു കൂടാതെ, പ്രമുഖരായ കവികൾ സംസ്കൃതഭാഷയിൽ ആയിരുന്നു കൃതികൾ എഴുതിയിരുന്നത്. അക്കാലത്താണ് മലയാള ഭാഷയിൽ അദ്ദേഹം  ഭക്തികാവ്യമായ ജ്ഞാനപ്പാന എഴുതിയത്.

 പാന എന്നാൽ എന്താണ്? What is Paana?

 പാന എന്നത് ഒരു കാവ്യ ശൈലിയാണ്. സരളമായ ഭാഷ ഉപയോഗിച്ച് എഴുതുന്ന കാവ്യങ്ങൾ പാന എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി കാണാം.  സന്താനഗോപാലപ്പാന എന്ന മറ്റൊരു കൃതിയും അദ്ദേഹം എഴുതിയിട്ടുണ്ട്.

 പൂന്താനത്തിന്റെ  ഭക്തി വളരെ പ്രസിദ്ധമാണ്. Devotion of Poonthaanam

 തന്റെ ചെറുപ്പത്തിൽ അദ്ദേഹം കാൽനടയായി ഗുരുവായൂർ ക്ഷേത്രം വരെ പോയി ഭഗവാനെ തൊഴുതു വരുമായിരുന്നു എന്ന് കേൾക്കുന്നു.

 ഐതിഹ്യങ്ങൾ എന്തൊക്കെയാണ്?

 അദ്ദേഹത്തിന് വിവാഹശേഷം വളരെ കാലങ്ങൾക്ക് ശേഷമാണ് ഒരു കുട്ടി ജനിച്ചതെന്നും എന്നാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ  ( ബാല്യത്തിൽ തന്നെ) ആ കുട്ടി മരണപ്പെടുകയുണ്ടായി എന്നും പറഞ്ഞു കേൾക്കുന്നുണ്ട്. അതിനുശേഷം കൃഷ്ണനോട് അദ്ദേഹത്തിനുണ്ടായിരുന്ന ഭക്തി  വർദ്ധിക്കുകയും കൃഷ്ണനിലേയ്ക്ക് കൂടുതൽ അടുക്കാൻ വേണ്ടി ആണ് തന്റെ കുട്ടി നഷ്ടപ്പെട്ടത് എന്നും അദ്ദേഹം സമാധാനിച്ചു.

 മറ്റൊരു ഐതിഹ്യം; കാൽനടയായി ചെറുപ്പകാലത്ത് ഗുരുവായൂരിൽ പോയിരുന്ന പൂന്താനത്തിന് വയസ്സ് കാലത്ത് പോകാൻ സാധിക്കാതെ വന്നപ്പോൾ ഭഗവാൻ അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുകയും ദർശനം നൽകുകയും ചെയ്തു എന്ന് വിശ്വസിക്കുന്നുണ്ട്.

വേറൊരു ഐതിഹ്യം; ഒരിക്കൽ ഗുരുവായൂരിൽ ദർശനത്തിന് പോയപ്പോൾ, അന്നത്തെ പ്രസിദ്ധ സംസ്കൃത കവിയും നാരായണീയ ത്തിന്റെ രചയിതാവുമായ മേൽപ്പത്തൂർ ഭട്ടതിരി അവിടെ ഉണ്ടായിരുന്നതായും, മലയാളഭാഷയിലുള്ള ജ്ഞാനപ്പാന  അദ്ദേഹത്തെ കാണിക്കുകയും അദ്ദേഹത്തോട് തെറ്റ് തിരുത്തിത്തരാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ; മലയാളത്തിൽ ഉള്ള കൃതി ആയതിനാൽ മേൽപ്പത്തൂർ  നിരസിക്കുകയായിരുന്നു എന്നും, അതിനുശേഷം; മേല്പത്തൂരിന്റെ വാത രോഗം കലശലാകുകയും  , കൂടുകയും ഭഗവാൻ അദ്ദേഹത്തിന്റെ ഉറക്കത്തിൽ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ജ്ഞാനപ്പാന തെറ്റ് തിരുത്തിക്കൊടുത്താൽ മാത്രമേ രോഗം  കുറയൂ എന്ന് പറയുകയും ചെയ്തു.

അതിനുശേഷം മേൽപ്പത്തൂർ ഭട്ടതിരി പൂന്താനത്തുള്ള ഇല്ലത്തിൽ വരുകയും അവിടെയിരുന്ന് ജ്ഞാനപ്പാന പൂർണമായി പരിശോധിച്ച് തെറ്റുതിരുത്തി കൊടുക്കുകയും; അതിനുശേഷം അദ്ദേഹത്തിന്റെ വാതരോഗം ശമിക്കുകയും ചെയ്തു എന്നും ഐതിഹ്യം കാണാം.

Travel Yatra യാത്ര പൂന്താനത്തെ വഴികളിലൂടെ  Ponthanam illam.

 ഇല്ലത്തിന്റെ ഉള്ളിലേക്ക്..

ഇനി ഇല്ലത്തിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യം  ദൈവങ്ങളുടെ ചിത്രങ്ങൾ വച്ചിരിക്കുന്നതും, നാമജപം നടത്തുന്നതിനു വേണ്ടി ഉള്ളതുമായ ഒരു ചെറിയ തുറന്ന മുറി കാണാം.

 ഈ നാലുകെട്ടിൽ; അവിടെ നിന്ന് ഇടത്തേക്ക് തിരിയുമ്പോൾ ആദ്യത്തെ മുറിയിൽതന്നെ തിരുമാന്ധാംകുന്ന് ഭഗവതിയെ കുടിയിരുത്തിയിരിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഇവിടെ വരുന്നവർ ഇല്ലത്തേയ്ക്ക് പ്രവേശിക്കുന്നതിനു മുൻപ് തന്നെ പാദരക്ഷകൾ അഴിച്ച് വെക്കേണ്ടതാണ്.

ഉള്ളിൽ ചെറിയൊരു നടുമുറ്റവും അതുപോലെ തന്നെ മറ്റു കുറച്ചു മുറികളുമുണ്ട്. അടുക്കളയിൽ നിന്നു തന്നെ വെള്ളം കോരാൻ സൗകര്യത്തിന് തടിക്കപ്പിയോടു കൂടിയ ഒരു കിണർ നമുക്ക് കാണാൻ സാധിക്കും.

 ഇനി; ഇതിന് മുകളിലത്തെ നിലയിലും രണ്ടു മുറികളുണ്ട്. ഇതിൽ ഏറ്റവും വലിയ ഒരു പ്രത്യേകത 600 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന ഈ ഇല്ലത്തിലെ മുകളിലത്തെ ഒരു മുറിയിൽ ഒരു കുളിമുറിയും കക്കൂസും പണികഴിപ്പിച്ചിട്ടുണ്ട്.

600 വർഷങ്ങൾക്കു മുൻപുള്ള ഒരു പ്രാചീന ഭവനത്തിൽ ഇത്തരത്തിലൊരു നിർമ്മാണം അത്ഭുതപ്പെടുത്തുന്നത്  തന്നെയാണ്.

 മുകളിലത്തെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ തൊട്ടപ്പുറത്തുള്ള പത്തായപ്പുര കാണാം.

പത്തായപ്പുരയും വേദിയും.

 പുറത്തിറങ്ങി വന്നശേഷം പത്തായപ്പുരയുടെ സമീപത്തേക്ക് നമുക്ക് പോകാം. അവിടെ നിന്ന് കുറച്ചു കൂടി മുൻപോട്ടു നടന്നാൽ ദേവസ്വം പണികഴിപ്പിച്ചിട്ടുള്ള ഒരു വേദി കാണാം. ഇവിടെ നടക്കുന്ന പരിപാടികൾ നടത്താൻ വേണ്ടിയുള്ള ഒരു വേദിയാണ്.

പൂമുഖം.

അതും കഴിഞ്ഞു വരുമ്പോൾ നമുക്ക് ഇല്ലത്തിന്റെ  പൂമുഖം കാണാം. ഇല്ലത്തിലേക്കുള്ള യഥാർത്ഥ വഴി മുൻപിൽ കൂടി ആണെങ്കിലും യാത്രക്കാരുടെയും സന്ദർശകരുടെയും സൗകര്യമനുസരിച്ച് പ്രധാന പാതയിൽ നിന്ന് പുറകിലൂടെ വഴി നിർമ്മിച്ചിരിക്കുകയാണ്.

ഭഗവാന്റെ ദർശനവും സ്വർഗാരോഹണവും.

 പൂമുമുഖത്തിന് തൊട്ടടുത്തായി തന്നെ മറ്റൊരു ചെറിയ പ്രദേശം ഉണ്ട്. ഈ പ്രദേശവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം ഉണ്ട്. ഈ സ്ഥലത്താണ് ഭഗവാൻ പ്രത്യക്ഷപ്പെട്ടത് എന്നും അങ്ങനെ അവിടെ നിന്നും പൂന്താനത്തിന് സ്വർഗ്ഗത്തിലേക്ക് പോകുവാൻ സാധിച്ചു എന്നുമാണ് ഐതിഹ്യം. വാർദ്ധക്യ സമയത്ത് അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടായപ്പോൾ ഭഗവാനെ കാണാൻ മനസ്സിൽ അതിയായി ആഗ്രഹിക്കുകയും അങ്ങനെ അദ്ദേഹം പൂമുഖത്തേക്ക് വരികയും അതിനെ തൊട്ടടുത്തുള്ള സ്ഥലത്ത് വച്ച് ഭഗവാൻ അദ്ദേഹത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു, അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്നാണ് വിശ്വസിക്കുന്നത്.

 എന്നാൽ; തൊട്ടടുത്ത മറ്റൊരു ശക്തമായ ശങ്കരൻ കുന്നിൽ വച്ചാണ് സ്വർഗ്ഗാരോഹണം സംഭവിച്ചത് എന്നും പറയുന്നുണ്ട്.

ജ്ഞാനപ്പാനയിലെ  വരികൾ. Lyrics of jnanappana.

 ഇല്ലത്തിന്റെ ഉള്ളിൽ കടക്കുമ്പോൾ ഭിത്തികളിലെല്ലാം അദ്ദേഹത്തിന്റെ ജ്ഞാനപ്പാനയിലെ അർത്ഥസമ്പുഷ്ടമായ വരികൾ ലാമിനേറ്റ് ചെയ്ത തൂക്കിയിരിക്കുന്നത് കാണാം.

 ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇനി നാളെയുമെന്തെന്നറിഞ്ഞീല ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീല..തുടങ്ങിയ ഒരുപാട് വരികൾ കാണാം.

Travel Yatra യാത്ര പൂന്താനത്തെ വഴികളിലൂടെ  Ponthanam illam.

 ജ്ഞാനപ്പാനയുടെ പ്രത്യേകത Importance of Jnaanappana.

 ജീവിതത്തിന്റെ നശ്വരതയും ആദ്ധ്യാത്മികതയുടെ മഹത്വവും വളരെ സരളമായി പ്രതിപാദിക്കുന്ന വരികളാണ് ജ്ഞാനപ്പാനയുടെ ഏറ്റവും വലിയ പ്രത്യേകത. നശ്വരമായ ലൗകിക സുഖഭോഗങ്ങളിൽ മുഴുകിക്കഴിയാതെ,  ആദ്ധ്യാത്മികമായ ഉന്നതിയിലേക്ക്, ആനന്ദത്തിലേക്ക് എത്തിച്ചേരാൻ പ്രേരിപ്പിക്കുന്ന സരളമായ മലയാളഭാഷയിലുള്ള ഈ വരികൾ ഓരോ മലയാളിയുടേയും ഹൃദയത്തിൽ എന്നേ ഉറച്ചതാണ്.

 തെക്കിനി തറയിൽ അലക്ഷ്യമായി വെച്ചിരിക്കുന്ന ഒരു ഛായാചിത്രം ഉണ്ട്. സ്വർഗത്തിൽ എത്തിയ പൂന്താനവും ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം ആലേഖനം ചെയ്യുന്നതാണ് ആ ചിത്രം.

 വൈകുന്നേരമായപ്പോഴേക്കും വവ്വാലുകളുടെ ശബ്ദം കേൾക്കാം. വളരെയേറെ വവ്വാലുകൾ അടുത്തുള്ള മരത്തിൽ തൂങ്ങി കിടക്കുന്നത് കാണാം.

 ഇനി നമുക്ക് വീണ്ടും ചെരുപ്പ് ധരിച്ച് പുറത്തേക്ക് പോകാം. പോകുമ്പോൾ മനസ്സിൽ ഒരു കൃതാർത്ഥത അനുഭവപ്പെടും.

പൂന്താനം ശ്രീ മഹാവിഷ്ണു ക്ഷേത്രം. Poonthanam Sri Mahavishnu Temple.

 തിരിച്ച് വാഹനം പാർക്ക് ചെയ്തിരുന്ന റോഡിൽ എത്തിയപ്പോൾ; റോഡിന്റെ മറുവശത്തുമായി പൂന്താനം  പ്രതിഷ്ഠിച്ച ഒരു ക്ഷേത്രമുണ്ട്. പൂന്താനം ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നാണു ആ ക്ഷേത്രത്തിന്റെ പേര്. അവിടെയും കയറി തൊഴുതിട്ടു തിരിച്ച് വാഹനത്തിനടുത്തേയ്ക്ക് വരുമ്പോൾ മനസ്സിൽ ഒരു കുളിർമ അനുഭവപ്പെടുന്നത് പോലെ തോന്നും. 

തന്റെ അനുപമമായ ഭക്തികൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ പോലും പ്രത്യക്ഷപ്പെടുത്തിയ മഹാനായ ഭക്തകവി ജീവിച്ചതും സഞ്ചരിച്ചതും ഉപയോഗിച്ചതുമായ സ്ഥലങ്ങളിലൊക്കെ ഒരു സാധാരണക്കാരനായ തനിക്കും പോകാൻ കഴിഞ്ഞു എന്ന് ഒരു ധന്യത.

മടക്കയാത്ര.

തിരിച്ചുപോകുമ്പോൾ ജ്ഞാനപ്പാനയിലെ  വരികളായിരുന്നു ചുണ്ടിലും മനസ്സിലും മുഴുവനും.

നമ്മെയൊക്കെയും ബന്ധിച്ച സാധനം

കർമ്മമെന്നറിയേണ്ടത് മുമ്പിനാൽ.

മുന്നമിക്കണ്ട വിശ്വമശേഷവും

ഒന്നായുള്ളൊരു ജ്യോതി സ്വരൂപമായ്… “  






ജ്ഞാനപ്പാന 
ജ്ഞാനപ്പാനയിലെ വരികളുടെ പാരായണം കേൾക്കാൻ താഴെക്കാണുന്ന യൂട്യൂബ് വിഡിയോയിൽ അമർത്തുക.






No comments:

Post a Comment