Spiritual വാല്മീകി രാമായണവും സ്ത്രീത്വവും Women in Valmeeki Ramayana
രാമായണം ആദികാവ്യം Ramayana Adikavya
ആദികവിയായ വാല്മീകി
എഴുതിയ രാമായണം ആദികാവ്യം എന്ന പേരിൽ പ്രസിദ്ധമാണ്.
വാല്മീകി Valmiki
ഒരു തസ്കരനിൽ നിന്ന് ആധ്യാത്മിക സാധനയിലൂടെ
മഹർഷിയായി തീർന്ന വാല്മീകി ലോകത്തിലെ ഏറ്റവും നിഷ്ഠയുള്ള ആൾ ആര് എന്ന ചോദ്യത്തിന്
രാമൻ എന്ന് നാരദമഹർഷി യിൽ നിന്ന് അറിയുകയും
ബ്രഹ്മദേവന്റെ നിർദേശപ്രകാരം രാമന്റെ ചരിത്രം മനസ്സിലാക്കുകയും ആ ചരിത്രം അനുഷ്ടുപ് ഛന്ദസ്സിൽ 24,000 ശ്ലോകങ്ങളിലൂടെ രാമായണം ആയി എഴുതുകയും ചെയ്തു,
രാമന്റെയും സീതയുടെയും മക്കളായ ലവകുശന്മാരെ അത്
പഠിപ്പിക്കുകയും ലവനും കുശനും രാമന്റെ രാജസദസ്സിൽ ആദ്യമായി രാമായണം പാടി
അവതരിപ്പിക്കുകയും ചെയ്തു.
രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ. Women characters in Ramayana
രാമായണത്തിൽ സ്ത്രീത്വത്തിന് വളരെയേറെ
പ്രാധാന്യവും ബഹുമാനവുമുണ്ട്. അറിവുകൊണ്ടും പക്വത കൊണ്ടും അതിലേ സ്ത്രീ
കഥാപാത്രങ്ങൾ എല്ലാം തന്നെ വളരെയേറെ ഉയർന്ന നിലയിൽ നിൽക്കുന്നു. അതിൽ ചില സന്ദർഭങ്ങളും ഉദാഹരണങ്ങളും
നമുക്ക് വിശകലനം ചെയ്യാം.
രാമായണത്തിലെ പല സന്ദർഭങ്ങളും നോക്കുകയാണെങ്കിൽ
സ്ത്രീകൾക്ക് വളരെയേറെ സ്ഥാനവും ബഹുമാനവും ലഭിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ
സാധിക്കും.
കൗസല്യ രാമന്റെ അമ്മ. Kausalya
അക്കാലഘട്ടത്തിൽ സ്ത്രീകൾ യജ്ഞം ചെയ്തിരുന്നു
എന്നതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് കൗസല്യയിലൂടെ വാൽമീകി വെളിവാക്കുന്നത്, ദശരഥന്റെ
ആവശ്യപ്രകാരം കാട്ടിലേക്കു പോകേണ്ടിവരുന്ന രാമൻ, അമ്മയായ കൗസല്യയോട് പോകുവാനുള്ള അനുവാദം ചോദിക്കുവാനായി
വരുമ്പോൾ, കൗസല്യ യജ്ഞം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അത്
കഴിയുന്നതുവരെ രാമൻ പ്രതീക്ഷിച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. വാല്മീകി രാമായണത്തിൽ അതിനായി പറയുന്ന ശ്ലോകം
ഇതാണ്.
ശ്ലോകം
“സാ ക്ഷൗമ വസനാ
ഹൃഷ്ടാ നിത്യം വ്രത പരായണാ
അഗ്നിം ജുഹോതി സ്മ തദാ മന്ത്രവദ് കൃത മംഗളാ||”
കൈകേയി Kaikeyi
മന്ഥര എന്ന സ്ത്രീയുടെ വാക്കുകേട്ട് രാമനെ കാട്ടിലേക്ക്
അയച്ച ദുഷ്ടയായ സ്ത്രീ എന്ന രീതിയിലാണ്
നാമൊക്കെ കൈകേയിയെ കാണുന്നത്. എന്നാൽ വാല്മീകി ആകട്ടെ പെൺകരുത്തിന്റെയും ധൈര്യത്തിന്റെയും
പ്രതീകമായിട്ടാണ് കൈകേയിയെ രാമായണത്തിൽ
അവതരിപ്പിക്കുന്നത്.
ദേവന്മാരും
അസുരന്മാരും തമ്മിൽ ഘോരമായ യുദ്ധം നടക്കുമ്പോൾ അസുരന്മാരുടെ അജയ്യമായ ശക്തി കണ്ടിട്ടു
ദേവന്മാർ ദശരഥ മഹാരാജാവിന്റെ കൂടെ സഹായം അഭ്യർത്ഥിക്കുന്നു. ഈ സമയത്ത് അസുരന്മാരോട്
യുദ്ധത്തിന് പുറപ്പെടുമ്പോൾ ദശരഥനോടൊപ്പം കൈകേയിയും പോകുന്നുണ്ട്. അവിടെ ശബരാസുരനോടൊപ്പം
ഉള്ള അതിഭയങ്കരമായ യുദ്ധസമയത്ത് ദശരഥ മഹാരാജാവിന്റെ രഥചക്രത്തിന്റെ
ആണി ഊരി പോവുകയും രഥം നിലം പതിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ തന്റെ കൈ വിരൽ ആ ആണി ഇരുന്ന ഭാഗത്തേക്ക്
കടത്തുകയും, അതിഭയങ്കരമായ
വേദന സഹിച്ചു കൊണ്ട് രണ്ട് ദിവസം യുദ്ധം തുടരുകയും ചെയ്തു. അതിനുശേഷം ദശരഥൻ ശബരാസുരനെ
പരാജയപ്പെടുത്തുകയും ചെയ്തു. അതിനു പ്രത്യുപകാരമായി ആണ് രണ്ടു വരങ്ങൾ അദ്ദേഹം
കൈകേയിക്ക് നൽകുന്നത്.
സുമിത്ര sumitra
മറ്റൊരു സ്ത്രീ കഥാപാത്രമാണ് സുമിത്ര.
അല്പംപോലും സ്വാർത്ഥത ഇല്ലാത്ത ഒരു കഥാപാത്രമായാണ് സുമിത്രയെ വാല്മീകി
അവതരിപ്പിക്കുന്നത്. തന്റെ ഒരു മകനായ ലക്ഷ്മണൻ രാമനെ സഹായിക്കുവാനും മറ്റൊരു മകനായ
ശത്രുഘ്നൻ ഭരതനെ സഹായിക്കുവാനും നിൽക്കുമ്പോൾ അതിൽ സന്തോഷിക്കുകയാണ് ആ അമ്മ
ചെയ്യുന്നത്. രാമനൊപ്പം കാട്ടിലേക്ക്
പുറപ്പെടാൻ ലക്ഷ്മണൻ തയ്യാറായി അമ്മയുടെ അനുവാദത്തിനായി അടുത്തു ചെല്ലുമ്പോൾ വളരെ
വിലപ്പെട്ട ഒരു ഉപദേശമാണ് സുമിത്ര മകന് നൽകുന്നത്.
ശ്ലോകം
“രാമം ദശരഥം
വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോധ്യാം അടവിം
വിദ്ധി ഗച്ഛ താത യഥാ സുഖം||”
രാമനെ നീ അച്ഛനെ പോലെ കാണുക. സീതയെ നീ അമ്മയെപ്പോലെ കാണുക. കാടിനെ നീ അയോധ്യയായ് സങ്കൽപ്പിക്കുക. അങ്ങനെ
വിചാരിച്ച് പൂർണ്ണമനസ്സോടെ പോകുക.
രാമായണത്തിലെ ഏറ്റവും വിലപ്പെട്ട ശ്ലോകം
ആയിട്ടാണ് സുമിത്രയുടെ ഈ വാക്കുകൾ കണക്കാക്കപ്പെട്ടിട്ടുള്ളത്. മറ്റുള്ളവർക്കു
വേണ്ടി ത്യാഗം അനുഭവിക്കാൻ തയ്യാറാകുന്നവരുടെ വാക്കുകൾക്ക് വളരെയേറെ വിലയുണ്ടാകും
എന്നതിന് തെളിവാണിത്. മാത്രമല്ല രാമൻ
കാട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ സങ്കടപ്പെടുന്ന കൗസല്യ യോടും ധൈര്യം നൽകുന്ന
വാക്കുകൾ പറയുന്നത് സുമിത്രയാണ്.
“തവാര്യേ സദ്‌ഗുണൈർയുക്ത: സ പുത്ര: പുരുഷോത്തമഃ”
എന്ന് തുടങ്ങുന്ന
ശ്ലോകം.
സീത Sita
ഇനി സീതയിലേക്ക് വന്നാൽ ബുദ്ധിമതിയും ധൈര്യശാലിയുമായ
ഒരു സ്ത്രീ കഥാപാത്രമായാണ് സീതയെ അവതരിപ്പിക്കുന്നത്.
കാട്ടിലേക്ക്
പുറപ്പെടാൻ തുടങ്ങുമ്പോൾ തന്നോടൊപ്പം വരാൻ പരിശ്രമിക്കുന്ന സീതയെ അനുനയിപ്പിക്കാൻ
രാമൻ പലപ്രാവശ്യം ശ്രമിക്കുന്നുണ്ട്. കാട്ടിലെ കഷ്ടതകളും അവിടുത്തെ ദുസ്സഹമായ
ജീവിതവുമെല്ലാം രാമൻ വിവരിക്കുമ്പോഴും സീതയ്ക്ക് യാതൊരു കുലുക്കവുമില്ല.
അവസാനം ; ‘ദശരഥൻ തന്നോട്
മാത്രമാണ് പോകാൻ ആവശ്യപ്പെട്ടത് എന്നതുകൊണ്ട് സീത വരണമെന്നില്ല’ എന്ന് രാമൻ പറയുന്നു. എന്നാൽ അപ്പോൾ സീത പറയുന്നതാകട്ടെ ‘ഭാര്യക്കും ഭർത്താവിനും രണ്ട് പ്രത്യേകമായ നിർദ്ദേശങ്ങളും ആജ്ഞകളും ആവശ്യമില്ല
കാരണം അവർ ശരീരം കൊണ്ട് രണ്ടാണെങ്കിലും മനസ്സുകൊണ്ട് ഒന്നാണ്’എന്ന കാരണവും.
മാത്രമല്ല കാട്ടിലൂടെയുള്ള യാത്രയിൽ പല സ്ഥലങ്ങളിലും
സ്വന്തം ശരീരത്തിലെ കോമളത പോലും മറന്ന് മുൻപിൽ നടന്ന് കാട്ടുചെടികൾ വകഞ്ഞുമാറ്റി
രാമന് വഴികാട്ടുക പോലും ചെയ്യുന്നുണ്ട്.
മാത്രമല്ല വളരെ വിവേക പൂർണ്ണവും പക്വവുമായ സംവാദങ്ങൾ രാമനൊപ്പം പലപ്രാവശ്യം
നടത്തുന്നതും നമുക്ക് രാമായണത്തിൽ കാണാൻ സാധിക്കും.
ഊർമ്മിള Urmila
ലക്ഷ്മണന്റെ ഭാര്യയായ ഊർമ്മിള ആകട്ടെ വളരെ കർത്തവ്യ
നിഷ്ഠയുള്ള ഒരു സ്ത്രീയായിട്ടാണ് ഇവിടെ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ശ്രീരാമൻ
പോലും ഊർമ്മിളയുടെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കുന്നത് നമുക്ക് കാണാം.
താര Tara
കിഷ്കിന്ധയിൽ ബാലിയുടെ
ഭാര്യയായ താരയുടെ ധൈര്യവും നമുക്കിതിൽ കാണാം. ‘രാമനെ സഹായിക്കാം’ എന്ന് വാക്ക് സുഗ്രീവൻ പാലിക്കാതെ
വരുമ്പോൾ; ലക്ഷ്മണൻ വളരെ കോപത്തോടെ സുഗ്രീവന്റെ അടുത്തേക്ക് വരുന്ന സമയത്ത് വളരെ പക്വവും
ബുദ്ധിപരവുമായ വാക്കുകൾകൊണ്ട് ലക്ഷ്മണനെ അനുനയിപ്പിക്കുക
ന്നത് താരയാണ്.
“നൈവാ കൃതജ്‌നോ
സുഗ്രീവ: ന…….”
മണ്ഡോദരി Mandodari
രാക്ഷസരാജാവും ദുഷ്ടനും ആയ
രാവണന്റെ ഭാര്യയായ മണ്ഡോദരി ഏറ്റവും നല്ല ഒരു സ്ത്രീരത്നം ആയിട്ടാണ് ഇതിൽ
കാണപ്പെടുന്നത്. ഓരോ സമയത്തും രാവണന് ഉപദേശം കൊടുക്കുകയും നേർവഴിക്ക് നടത്താൻ
ശ്രമിക്കുകയും ചെയ്യുന്നുണ്ട് മണ്ഡോദരി.
അതുകൊണ്ടുതന്നെ പഞ്ച കന്യാരത്നങ്ങളിൽ ഒന്നായിട്ടാണ് മണ്ഡോദരി വിശേഷിപ്പിക്കപ്പെടുന്നത്.
സീതയെ അന്വേഷിച്ച് ലങ്കയിൽ എത്തുന്ന ഹനുമാൻ ഓരോ മുറികളിലൂടെയും
കടന്നുപോകുമ്പോൾ സ്ത്രീകളെ വളരെ ബഹുമാനത്തോടെയാണ് നോക്കുന്നത്.
ശബരി sabari
ശബരിയിൽ നിന്ന് നമുക്ക് കിട്ടുന്ന ഒരു പാഠം; ശരിയായ രീതിയിൽ ഭഗവാനെ വിശ്വസിക്കുന്ന ഒരു
ഭക്തന് ഭഗവാനെ കാണാൻ മറ്റൊന്നും തടസ്സമാകില്ല. അയാളുടെ പണമോ
ജാതിയോ ഒന്നും അതിന് ഒരു വിഘ്നം അല്ല എന്നുള്ളതാണ്.
പണ്ഡിതകൾ Scholarly women
പണ്ഡിതകൾ ആയ സ്ത്രീ രത്നങ്ങളെ കുറിച്ചും
രാമായണത്തിലും പ്രതിപാദിക്കുന്നുണ്ട്. അത്രിമഹർഷിയുടെ ഭാര്യയായ അനസൂയ അതിന് ഏറ്റവും
നല്ല ഒരു ഉദാഹരണമാണ്. മഹർഷിയോടൊപ്പംതന്നെ പാണ്ഡിത്യത്തിൽ തുല്യത പുലർത്തുന്ന
അസൂയയുടെയും അത്രിമഹർഷിയുടെയും സംവാദങ്ങളും
ബൗദ്ധികമായ ചർച്ചകളും ഇവിടെ പ്രതിപാദ്യ
വിഷയമാണ്.
രാവണൻ കാട്ടിൽ നിന്ന് സീതയെ ലങ്കയിലേക്ക് കൊണ്ടു പോകുമ്പോൾ, വഴിയിൽ ജഡായു എന്ന പക്ഷി രാവണനോട്
എതിർക്കുകയും നേരിടുകയും അവസാനം രാവണന്റെ വെട്ടേറ്റ് ചിറകുകൾ നിലംപതിക്കുകയും
ചെയ്യുന്നുണ്ട്. ഇതിന്റെ സ്മാരകമാണ്
ജഡായുപ്പാറ.
സ്ത്രീകൾക്കെതിരെ
ആക്രമണം
ഈ സംഭവത്തിലൂടെ വലിയൊരു സന്ദേശമാണ് വാൽമീകി
സമൂഹത്തിന് നൽകുന്നത്. അതായത് സമൂഹത്തിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം
നടക്കുമ്പോൾ അത് ഏതു വലിയവൻ ചെയ്താലും എതിർക്കുക കയും സ്ത്രീകളെ സംരക്ഷിക്കാൻ ശ്രമിക്കുകയും
ചെയ്യേണ്ടത് ബലവാൻ അല്ലെങ്കിൽ പോലും ഓരോ
പൗരന്റെയും കടമയാണ് എന്നതാണ്സന്ദേശം.
സ്ത്രീ സംരക്ഷണം
സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തിൽ വളരെ
പ്രധാനപ്പെട്ട ഒരു വിഷയം രാമായണത്തിൽ ഉടനീളം വാല്മീകി സൂചിപ്പിക്കുന്നുണ്ട്. അതായത്
മനുഷ്യന് മൂന്ന് തരത്തിലുള്ള ശക്തിയാണുള്ളത്.
ബലം, ഓജസ്, സഹസ്. ശാരീരികമായ ശക്തിയെയാണ് ബലം എന്നു പറയുന്നത്. ഓജസ് എന്നാൽ ബുദ്ധിപരമായ ശക്തി വിശേഷമാണ്. സഹസ് എന്നതാകട്ടെ മാനസികമായ ശക്തിയാണ്.
വാല്മീകിയുടെ അഭിപ്രായത്തിൽ ശാരീരികമായ ശക്തിയിൽ മാത്രമാണ് സ്ത്രീകൾ
പുരുഷന്മാർക്ക് പിന്നിൽ ആകുന്നത്. ബൗദ്ധികമായ
ശക്തിയായ ഓജസിലും മാനസിക ശക്തിയായ സഹസിലും സ്ത്രീകൾ
പുരുഷന്മാരേക്കാൾ മുൻപിലാണുള്ളത്.
അതുകൊണ്ടുതന്നെ ശാരീരികമായ ശക്തിയിൽ മുന്നിൽനിൽക്കുന്ന പുരുഷൻ; മാനസിക ശക്തിയിലും ബൗദ്ധിക
ശക്തിയിലും മുന്നിൽ നിൽക്കുന്ന സ്ത്രീകളെ ശാരീരികമായി സംരക്ഷിക്കണം എന്നതാണ് വാല്മീകി നമുക്ക് കാട്ടിത്തരുന്നത്.
പ്രാകൃതം
പിൽക്കാല സംസ്കൃത
നാടകങ്ങളിൽ ഉപയോഗിച്ചതുപോലെ സ്ത്രീകഥാപാത്രങ്ങളെ പ്രാകൃതം ഒരിടത്തും വാല്മീകി
സംസാരിപ്പിക്കുന്നില്ല. സ്ത്രീ കഥാപാത്രങ്ങളും
പണ്ഡിതന്മാരും പാമരൻമാരും എല്ലാം ശുദ്ധസംസ്കൃതത്തിലാണ്
വാല്മീകി രാമായണത്തിൽ ഉടനീളം സംഭാഷണം നടത്തുന്നത്.
സരളമായ സംസ്കൃത ഭാഷ ഉപയോഗിച്ചുള്ള ഈ കൃതിക്ക് സ്ത്രീ കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ടും
സ്ത്രീകളോടുള്ള ആദരവിനെ പേരിലും ലോകത്ത് ഇത്രമാത്രം പ്രചാരം കൈവന്നു എന്നതിൽ
അത്ഭുതപ്പെടാനില്ല.
ഈ ആധുനിക കാലത്തും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ
വർധിക്കുമ്പോഴും,
സ്ത്രീ സ്വാതത്ര്യത്തിനു വേണ്ടിയുള്ള മുറവിളികൾ ഉയരുമ്പോഴും,
വാല്മീകി രാമായണത്തിലെ സ്വത്വമുള്ള, ഓജസും സഹസുമുള്ള, ധൈര്യവതികളായ സ്ത്രീകൾ മിഴിവോടെ ജ്വലിച്ചു നിൽക്കുന്നു.
ഈ ലേഖനം വായിക്കാൻ ഇവിടെ
അമർത്തുക.
ശ്രീകൃഷ്ണൻ ഉദ്ധവനോട്
ഉപദേശിക്കുന്ന ഈ ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.
സ്ത്രീകളുടെ പ്രാധാന്യം രാമായണത്തിൽ ( Womanhood in Ramayana ) എന്ന വിഷയത്തെക്കുറിച്ച് ഇംഗ്ലീഷിൽ ഉള്ള പ്രഭാഷണം കേൾക്കാൻ താഴെയുള്ള യൂട്യൂബ് വിഡിയോയിൽ അമർത്തുക.
No comments:
Post a Comment